Monday, November 10, 2008

ഈ കണ്ണീര്‍ കാണാതെ പോകരുത്

ഈ കണ്ണീര്‍ കാണാതെ പോകരുത്

ഓട്ടോറിക്ഷാ ‍ഡ്രൈവറായ കണ്ണൂര്‍ സ്വദേശി രാജീവിന് തന്റെ മൂന്നു വയസ്സു മാത്രമുള്ള മകള്‍ സാനിയയുടെ ജീവന്‍ രക്ഷിക്കാനുള്ള മൂന്നു ലക്ഷം രൂപ സ്വപ്നം കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സാനിയയുടെ അമ്മ കൈരളി ടിവിയിലെ മുക്തി എന്ന പരിപാടിയിലൂടെ ഈ കദനകഥ പറയുമ്പോള്‍, അമ്മേ കരയരുത്, എന്നു പറഞ്ഞ് കൊഞ്ചല്‍ മാറാത്ത ആ പിഞ്ചുകുഞ്ഞ് അമ്മയുടെ കണ്ണീര്‍ തുടയ്ക്കുന്ന ദൃശ്യം കരളലയിക്കുന്നതായിരുന്നു.

പരിപാടി സംപ്രേക്ഷണം ചെയ്തു 15 മിനിട്ടിനുള്ളില്‍ സാനിയയുടെ ചികിത്സ സ്‍പോണ്‍സര്‍ ചെയ്യാന്‍ ബാംഗ്ലൂരില്‍ നിന്ന് രാ‍ജീവ്-രാജി ദമ്പതികള്‍ വിളിച്ചു. പിന്നെയും തുരുതുരാ വിളികള്‍ വന്നെങ്കിലും ആ പാവന ദ‍ൗത്യം നിറവേറ്റാനുള്ള നിയോഗം ആദ്യം വിളിച്ച രാ‍ജീവിനും രാജിക്കും തന്നെ ലഭിച്ചു. മറ്റുള്ളവരെ ഞങ്ങള്‍ക്കു നിരാശരാക്കേണ്ടി വന്നു.

എല്ലാമാസവും കൃത്യമായെത്തുന്ന ചെക്കുകളിലൂടെ രണ്ടര വര്‍ഷത്തെ ചികിത്സ വിജയകരമായി പൂര്‍ത്തീകരിക്കാനും സാനിയയെ പൂര്‍വ്വാധികം പ്രസരിപ്പും ആരോഗ്യവുമുള്ള കുട്ടിയായി മാറ്റിയെടുക്കാനും ബാംഗ്ളൂരിലെ ആ ദമ്പതീനന്മയ്ക കഴിഞ്ഞു. ഇന്ന് സാനിയ പൂമ്പാറ്റയെപ്പോലം പറന്നു നടക്കുന്നു! സ്കൂളില്‍ പോകുന്നു.

ഇത് ഒരു ഉദാഹരണമാണ്.സമൂഹത്തിന്റെ നന്മ തിരിച്ചറിയാനുള്ള അവസരമാണിത്. ഈ ഭൂമി ദുഷ്ടരുടെയും ദുരാഗ്രഹികളുടെയും ഹൃദയശൂന്യരുടെയും മാത്രം അധിവാസ സ്ഥലമല്ലെന്നും സ്‍നേഹകാരുണ്യങ്ങളുടെ പച്ചപ്പ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു എന്നുമുള്ള തിരിച്ചറിവാണ് ഈ അനുഭവം നമുക്ക് തരുന്നത്. നന്മയുടെ പ്രകാശം അണഞ്ഞുപോയിട്ടില്ല എന്ന ആശ്വാസം ചെറിയ കാര്യമല്ല.

സാനിയയ്ക്ക് നവജീവന്‍ കൊടുത്തതുപോലെ നൂറുകണക്കിനു കാന്‍സര്‍ രോഗികളെ ജീവിതത്തിന്റെ ഉത്സവത്തിലേക്കു നയിക്കാന്‍ നമുക്കു കഴിയും. പണമില്ലാത്തതുകൊണ്ട് കാന്‍സ‌‌ര്‍ ചികിത്സ നല്‍കാന്‍ കഴിയാതെ വരരുത്. നമ്മുടെ ആഡംബരങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്ന തുകയുടെ ചെറിയൊരംശം മാറ്റിവച്ചാല്‍ത്തന്നെ ഈ നിരാലംബരായ രോഗികള്‍ക്കു മരുന്നും ഭക്ഷണവും നല്‍കാം.

മനുഷ്യരാശിയെ എക്കാലവും ഭയപ്പെടുത്തിയിരുന്ന രോഗമാണ് കാന്‍സ‌‌ര്‍. ആധുനിക വൈദ്യശാസ്ത്രം കാന്‍സ‌‌റിനെ മെരുക്കുന്നതില്‍ ഏറെ മുന്നേറിയെങ്കിലും മനുഷ്യമനസ്സില്‍ നിന്നു രോഗഭീതി പൂര്‍ണ്ണമായും മാറിയിട്ടില്ല. പതോളജി ലാബിലെ ബയോപ്സി റിപ്പോര്‍ട്ട് ഇപ്പോഴും ഉത്കണ്ഠയോടെയാണു രോഗികള്‍ കാത്തിരിക്കുന്നത്.

ചികിത്സച്ചു ഭേദമാക്കാന്‍ പ്രയാസമായ രോഗമാണിത് എന്നതുകൊണ്ടുമാത്രമല്ല ഭയം. രോഗചികിത്സയുടെ ഭാരിച്ചചെലവും രോഗികളെ ഭയപ്പെടുത്തുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കാന്‍സ‌‌ര്‍ ചികിത്സ മൂലം കുടുംബത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നുപോകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് എത്രയൊക്കെ സൗജന്യചികിത്സ ലഭിച്ചാലും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ചികിത്സയ്ക്കുവേണ്ടി പുറത്തുനിന്നു മരുന്നുവാങ്ങാനും മറ്റും ഭീമമായ തുക ചിലവഴിക്കേണ്ടിവരുന്നു. കുടുംബത്തിന്റെ ജീവിതനിലവാരവും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം അവതാളത്തിലാവുന്നു.

ചികിതസയ്ക്കുവേണ്ടി വീടും പറമ്പും വില്‍ക്കേണ്ടിവരുന്ന ധാരാളം രോഗികള്‍ നമുക്കിടയിലുണ്ട്. ഒരു പക്ഷേ ഇത്രയൊക്കെ ദുരിതങ്ങള്‍ അനുഭവിച്ചുകഴിഞ്ഞ രോഗി അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചുപോയെന്നും വരാം. കുടുംബനാഥന്റെ ജീവനും കുടുംബത്തിന്റെ അടിത്തറയും നഷ്ടടപ്പെട്ടതോര്‍ത്തു നിലവിളിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രമാണ് മിക്കരോഗികളും നമുക്ക് നല്‍കുന്നത്.

സാങ്കേതിക വിദ്യ ഉപയോഗിച്ചു കാന്‍സറിനെ ഒരു പരിധി വരെ തളയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും അതിനുപയോഗിക്കേണ്ട മരുന്നുകളുടെ വില ദുര്‍വഹമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതി മൂലം ഇത്തരം നവീന ഔഷധങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല. ഔഷധത്തെക്കുറിച്ച് അറിവുണ്ടായിട്ടും അതു നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത, മരണത്തില്‍ നിന്നും ജീവനെ മോചിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന ചികിത്സകര്‍ക്ക് വളരയധികം സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ഇവിടെയാണ് സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമുള്ളത്. ജീവകാരുണ്യ പ്രവര്‍ത്തകരും ഉദാരമതികളായ വ്യക്തികളും ഉള്ളറിഞ്ഞു സഹായിച്ചാല്‍ ഈ രോഗികള്‍ക്കു പ്രത്യാശപൂര്‍ണ്ണമായ ജീനിതം നല്‍കാന്‍ കഴിയും. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് റീജിണല്‍ കാന്‍സര്‍ സെന്റര്‍ (RCC) തുടക്കമിട്ടിരിക്കുന്ന പദ്ധതിയാണ് അക്ഷയപാത്രം.

ആര്‍.സി.സിയുമായി സഹകരിച്ചു കൈരളി ടിവി എല്ലാ ശനിയാഴ്ചയും 2.30PMന് സംപ്രേക്ഷണം ചെയ്യുന്ന മുക്തി എന്ന കാന്‍സര്‍ ബോധന പരമ്പര ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള വേദികൂടിയാണ്. നൂറുകണക്കിനു നിര്‍ധന കാന്‍സര്‍ രോഗികളെ ജീവിതത്തിലേയ്‌ക്കു തിരിച്ചുകൊണ്ടുവരാന്‍ ഈ പരിപാടി ഒരു നിമത്തമായി.

വിവാഹസദ്യയ്‌ക്ക് നാലു പായസത്തിനു പകരം മൂന്നു പായസം മതി എന്നു തീരുമാനിക്കാനുള്ള സൗമനസ്യം; പിറന്നാളാഘോഷത്തിനു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം കവിക്കുമ്പോള്‍ കാന്‍സര്‍ രോഗിയുടെ ഒരു നേരത്തെ ഭക്ഷണത്തിനായി ചെറിയ തുക മാറ്റി വയ്ക്കണമെന്ന മനസ്സ്; നാലു പെഗ് മദ്യം കഴിക്കുന്നതിനു പകരം മൂന്നു പെഗ് മതി എന്നു വയ്‌ക്കാനുള്ള ആത്മബലം- ഇതൊക്കെ മതി ഈരോഗികളെ ജീവതത്തിലേക്കു കൈപിടിച്ചു കയറ്റാന്‍.

ഈ നന്മ മലയാളിക്കു കൈമോശം വന്നിട്ടില്ല എന്ന അനുഭവബോധ്യമാണ് ആര്‍.സി.സി. യുടെ നിര്‍ധന രോഗികളുടെ ചികിത്സാ സഹായനിധിയായ അക്ഷയപാത്ര-ത്തിന്റെ പ്രചോദനം. 2007 നവംബര്‍ ഒന്നു മുതല്‍ പാവപ്പെട്ട എല്ലാ രോഗികള്‍ക്കും ആര്‍.സി.സി. വാര്‍ഡില്‍ സമ്പൂര്‍ണ്ണ ഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്. ഔഷധവും സൗജന്യമായി നല്‍കുക എന്നതാണ് ആര്‍.സി.സിയുടെ ലക്ഷ്യം. ഇതിനായി Poor Patient Welfare Fund, RCC എന്ന പേരില്‍ ചെക്കോ ഡ്രാഫ്‌റ്റോ എടുത്ത് Public Relations Officer, Regional Cancer Center , Thiruvananthapuram-11എന്ന വിലാസത്തില്‍ അയച്ചുകൊണ്ട് നിങ്ങള്‍ക്കും ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളിയാകാം. ഈ സംഭാവനയ്ക്ക് 80ജി പ്രകാരമുള്ള ആദായ നികുതി ഇളവു ലഭിക്കുകയും ചെയ്യും.

ഈ ലേഖനം വ്യവസായ കേരളം നവംബര്‍ ലക്കത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ലേഖകന്‍ തിരുവനന്തപുരം ആര്‍ സി സിയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായ സുരേന്ദ്രന്‍ ചുനക്കര, അദ്ദേഹത്തിന്റെ ഇ-മെയില്‍ വിലാസം.-surendran@rcctvm.org